Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് എന്നാല് ഇരുട്ടാണെന്നും എല്ഡിഎഫ് ആണ് വെളിച്ചമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിഷയത്തിൽ യുഡിഎഫ് മൗനത്തിലാണെന്നും എന്ന് വൈദ്യുതി ലഭിക്കുമെന്ന കാര്യത്തില് മന്ത്രിക്ക് ഉത്തരമില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്ന്ന് മുഖ്യമന്ത്രിയെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി പാലം കടക്കുവോളം നാരായണ പാലം കടന്നാല് കൂരായണ എന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ മാറ്റത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പത്രവാർത്തകൾ കണ്ട് പ്രതികരിക്കേണ്ടതില്ലെന്നും യഥാസമയം സിപിഎം എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൺവീനർ മാറ്റത്തെക്കുറിച്ച് ഇതുവരെ അറിയിച്ചിട്ടില്ല. യാഥാർഥ്യ ബോധത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ മാറ്റത്തെ സിപിഐ സ്വാഗതം ചെയ്യുന്നു. സിപിഎം യാഥാർഥ്യ ബോധമുള്ള പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ഈ പാഠങ്ങളെല്ലാം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും ബാധകമാണ്. തെറ്റുകൾ സംഭവിച്ചാൽ തെറ്റുകൾ അംഗീകരിക്കണം. തെറ്റുകൾ തിരുത്തണം. സിപിഐ ആ വഴിക്കാണ് നീങ്ങാൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കൈവിട്ട് സിപിഐ. തിടുക്കത്തിൽ പിണറായിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം കൂടി വന്നശേഷം വിഷയം വിശദമായി ചർച്ച ചെയ്യും.
അതിനുശേഷം ആവശ്യമെങ്കിൽ നിലപാട് വ്യക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. പിണറായി വിജയനെ ശക്തമായി പിന്തുണച്ച് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുന്നത്. ഇതോടെ വിഷയത്തിൽ പിണറായിക്ക് എൽഡിഎഫിന്റെ പൊതുപിന്തുണ ഇല്ലെന്നാണ് സൂചന.
ഇഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയതലത്തിൽ സിപിഐ ശക്തമായി എതിർക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തത്. എന്നാൽ പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട ഇടപാടുകളുടെ സുതാര്യത സംബന്ധിച്ചും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
വീണയുമായി ബന്ധപ്പെട്ട കേസ് അവർ തന്നെ നേരിടട്ടെയെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചുവരുന്നത്. പുതിയ ഇഡി നീക്കം നേരിട്ട് പിണറായി വിജയനിലേക്കാണ് നീളുന്നതെന്ന് ബോധ്യപ്പെട്ടാലും അടിയന്തരമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന അഭിപ്രായത്തിനാണ് സെക്രട്ടേറിയറ്റിൽ മുൻതൂക്കം ലഭിച്ചത്.
District News
തൊടുപുഴ: പാര്ട്ടി അംഗത്വം ഉപേക്ഷിച്ച സിപിഐ മുന് ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പാര്ട്ടിക്കെതിരേയും ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെതിരേയും നടത്തുന്ന പ്രചാരണങ്ങള് വസ്തുതകള്ക്ക് നിരക്കുന്നതല്ലെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവനയില് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെ സംബന്ധിച്ച് ഘടക യോഗങ്ങള് ചേര്ന്ന് കൃത്യമായ വിലയിരുത്തലുകള് നടത്തുകയും അതു സംബന്ധിച്ച നിഗമനങ്ങള് സംസ്ഥാന നേതൃത്വം പരസ്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
കെ. സലിംകുമാര് ജില്ലാ സെക്രട്ടറിയായിരുന്ന നാലുവര്ഷം കെ.കെ.ശിവരാമന് ജില്ലാ എക്സിക്യൂട്ടീവംഗം, സംസ്ഥാന കൗണ്സില് അംഗം എന്നീ നിലകളില് ജില്ലാ നേതൃത്വത്തിനൊപ്പം പ്രവര്ത്തിച്ചിരുന്നു. ഒന്നിച്ച് പ്രവര്ത്തിച്ചിരുന്ന നാളുകളില് പാര്ട്ടി ഘടകങ്ങളില് ഉന്നയിക്കാത്ത ആക്ഷേപങ്ങളും പാര്ട്ടി ഉപരി ഘടകങ്ങളുടെ ശ്രദ്ധയില്പ്പെടുത്താത്ത ആരോപണങ്ങളും ഇപ്പോള് ചാനലുകളില് വിളമ്പുന്നതിന്റെ ലക്ഷ്യം ജനങ്ങള് തിരിച്ചറിയും.
ചൊക്രമുടി കൈയേറ്റ വാര്ത്തകള് ഉണ്ടാകുന്നത് 2023ലാണ്. മന്ത്രി രമേശ് ചെന്നിത്തല ഈ വിഷയം നിയമസഭയില് ഉന്നയിച്ചപ്പോള് റവന്യു മന്ത്രിയായിരുന്ന കെ. രാജന് നല്കിയ മറുപടി ഇന്നും നിയമസഭാ രേഖകളിലുണ്ട്. കൈയേറ്റങ്ങള്ക്കെതിരേ ശക്തമായ നിലപാടാണ് പാര്ട്ടിയും സര്ക്കാരും അന്ന് സ്വീകരിച്ചിരുന്നത്. കെ. സലിംകുമാര് പീരുമേട്ടില് സ്ഥാനാര്ഥിയായി നോമിനേഷന് നല്കിയപ്പോള് ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റില് രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച് അന്നുതന്നെ മറുപടി പറഞ്ഞതാണ്.വസ്തുത ഇതായിരിക്കെ ഇടയ്ക്കിടെ പാര്ട്ടിയെ കടന്നാക്രമിക്കുന്നതിന്റെ ദുരുദ്ദേശ്യം ജനങ്ങള് തിരിച്ചറിയും.
യോഗത്തില് വി.കെ. ധനപാല് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്സിലംഗം ടി.ജെ. ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ.സലിംകുമാര്, അസി.സെക്രട്ടറിമാരായ വി. ആര്. ശശി, എം. കെ. പ്രിയന്, സംസ്ഥാന കൗൺസില് അംഗങ്ങളായ ഇ. എസ്. ബിജിമോള്, സി. യു. ജോയി, ജോസ് ഫിലിപ്പ്, ടി. ഗണേശന് എന്നിവര് പ്രസംഗിച്ചു.
District News
പുനലൂര്: സിപിഐ ദേശീയ പ്രക്ഷോഭത്തിന്റ ഭാഗമായി പുനലൂരില് ഐക്യദാര്ഢ്യ സമ്മേളനം നടത്തി. കേന്ദ്രസര്ക്കാരിന്റെ ജനദ്രോഹ നയങ്ങള്ക്കെതിരെ ഡല്ഹിയില് രാം ലീലാ മൈതാനത്ത് സിപിഐ നടത്തിയ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് പുനലൂര് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പ്രകടനവും യോഗവും ചേര്ന്നു.
സിപിഐ പുനലൂര് മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തുക്കു പാലത്തിന് സമീപം ഗാന്ധി പ്രതിമക്ക് മുന്നില് സമാപിച്ചു. ഐക്യദാര്ഢ്യസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം. സലിം ഉദ്ഘാടനം ചെയ്തു. സിപിഐ പുനലൂര് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. രാജശേഖരന് സ്വാഗതവും സിപിഐ പുനലൂര് വെസ്റ്റ് ലോക്കല് കമ്മിറ്റി സെക്രട്ടറി വി.എസ് പ്രവീണ് കുമാര് നന്ദിയും പറഞ്ഞു.
യോഗത്തില് സിപിഐ പുനലൂര് മണ്ഡലം കമ്മിറ്റി അംഗം എഫ്. കാസ്റ്റ് ലെസ്ജൂനിയര് മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എല്. ഗോപിനാഥ പിള്ള, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. രാജന്, ജെ ഡേവിഡ്, ജെ. ജ്യോതികുമാര്, നവ മണി എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജോബോയ് പെരേര, കരവാളൂര് പഞ്ചായത്ത് പ്രസിഡന്റ്് ശരത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി അശോകന്, പുനലൂര് നഗരസഭ വൈസ് ചെയര് പേഴ്സണ് കെ. പ്രഭ എന്നിവര് പ്രസംഗിച്ചു.
സിപിഐ ഓഫീസില് നിന്ന് ആരംഭിച്ച പ്രകടനത്തിനും യോഗത്തിനും സിപിഐ ലോക്കല് കമ്മിറ്റി സെക്രട്ടറി മാരായ പ്രസാദ് ഗോപി, സുദര്ശനന്, ബാബു ചെറിയാന് വിഷ്ണു ദേവ് , ശരത്ത്, പാര്ട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങള് ആയ ജയനാഥന്, ആര്. മോഹനന്, സുനില്. മഹിളാസംഘം മണ്ഡലം സെക്രട്ടറി. ബി സുജാത. എ. ഐ. വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംരാജ് എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അക്ഷയ് ഷിജു, എവൈഎഫ് മണ്ഡലം പ്രസിഡന്റ് സിബില് ബാബു എന്നിവര് നേതൃത്വം നല്കി.
National
ചെന്നൈ: ടിവികെ മന്ത്രിസഭയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും എന്നാൽ മന്ത്രിസഭയിലേക്കില്ലെന്ന് ഇടതുപാർട്ടികൾ. സിപിഎമ്മിന്റെയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കിയത്.
മന്ത്രിസഭയിൽ ചേരണമെന്ന് ടിവികെ മന്ത്രിമാർ ഇടതുനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. അടുത്ത ബുധനാഴ്ച നടക്കുന്ന ടിവികെ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
നിലവിൽ സിപിഎമ്മിനും സിപിഐക്കും രണ്ട് എംഎൽഎമാർ വീതമാണുള്ളത്. നിലവിൽ കോൺഗ്രസ് ടിവികെ മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി. ദിവാകരൻ.
സാധാരണയായി ആർക്കുവേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താത്പര്യം സതീശന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: എൽഡിഎഫിൽ നടക്കുന്നത് കലാപവും പരസ്പരമുള്ള ചെളിയെറിയലുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മും സിപിഐയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം യുഡിഎഫ് പുറത്തുനിന്ന് ആസ്വദിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സിപിഐയെ യുഡിഎഫിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചെന്ന വാർത്തകളോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് അങ്ങനെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നിലവിലുള്ളതെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും കേരളത്തിൽ നടപ്പിലാക്കാതെ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു. അത്രയേ ഉള്ളൂ. ഞങ്ങൾ അതിൽ വേറെ രാഷ്ട്രീയ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയില് വിട്ടു വീഴ്ച വേണ്ടെന്ന കടുത്ത നിലപാടില് സിപിഐ. നിയമസഭയില് പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് സിപിഐ കടന്നിരിക്കുന്നത്.
ഇക്കാര്യത്തിലുള്ള നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ നേതാവ് കെ. രാജനും പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്. തങ്ങള്ക്ക് അര്ഹതപ്പെട്ട സ്ഥാനമാണ് ചോദിച്ചതെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കുമോയെന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് നോക്കാമെന്ന മറുപടിയാണ് കെ. രാജന് നല്കിയത്. ബിനോയ് വിശ്വും പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെ തള്ളിപ്പറഞ്ഞിട്ടില്ല.
സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവില് ഈ വിഷയം ഇന്ന് ചര്ച്ചയാകും. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് നേതാക്കള്ക്കുള്ളത്. സിപിഎം ദേശീയ നേതൃത്വത്തെ വിഷയത്തില് ഇടപെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. അതേ സമയം സിപിഐ ആവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്കാന് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് കടുത്ത എതിര്പ്പ്.
സിപിഎമ്മിന് എതിര്പ്പില്ലെന്നും പിണറായിയുടെ എതിര്പ്പ് വകവച്ചു കൊടുക്കാനാകില്ലെന്നുമുള്ള നിലപാടാണ് സിപിഐ നേതാക്കള്ക്കുള്ളത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സിപിഎമ്മിനായിരിക്കുമെന്ന് പിണറായി വ്യക്തമാക്കിയതാണ് സിപിഐയെ കൂടുതല് ചൊടിപ്പിച്ചത്.
Kerala
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് നിലപാടുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് പദവി ലഭിക്കുമെന്ന രാഷ്ട്രീയ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഐക്യം വേണമെന്നത് എല്ലാവർക്കും അറിയാം. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയും പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നു. എൽഡിഎഫിനെ സ്വന്തം കുഞ്ഞായി സിപിഐ ചേർത്തുപിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ആവർത്തിച്ച നിലപാടിൽ പ്രതികരിക്കാൻ ബിനോയ് വിശ്വം തയാറായില്ല.എല്ലാം എൽഡിഎഫ് കൺവീനർ പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ടത് പാർട്ടി ജനറൽ സെക്രട്ടറിയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മുന്നണിയിൽ തിരുത്തേണ്ടത് തിരുത്തണം. എൽഡിഎഫിൽ അടിമയും ഉടമയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരായ നാളത്തെ സിപിഐ പ്രതിഷേധത്തിൽ ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുമെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
Kerala
കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ വാക്പോര് പുതിയ തലത്തിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിന് സിപിഐ മുഖപത്രത്തിലൂടെ രാജാജി മാത്യു തോമസ് മറുപടി നൽകി. പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള സിപിഐയുടെ ആവശ്യം കേവലം ഒരു പദവിക്ക് വേണ്ടിയുള്ള അവകാശവാദമല്ല.
ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും വേണം. ഈ നിലപാടിന്റെ ഭാഗമായാണ് സിപിഐ ഈ ആവശ്യം ഉന്നയിച്ചതെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.
വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ വിലയിരുത്താൻ ഇടതുപക്ഷം തയാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു. 1977ന് ശേഷം രാജ്യത്ത് ഒരൊറ്റ സംസ്ഥാനത്തും സിപിഎമ്മിന് സർക്കാർ രൂപീകരിക്കാനായിട്ടില്ലെന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ടിലെ കണ്ടെത്തലും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ബിജെപി-സംഘപരിവാർ ശക്തികൾ രാജ്യത്ത് സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം തൂങ്ങിക്കിടക്കുന്നത് ഗുണകരമാകില്ലെന്നും സിപിഐ വിലയിരുത്തുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ വിപുലവും കൂട്ടായതുമായ രാഷ്ട്രീയ പരിശ്രമം ആവശ്യമാണെന്നും ലേഖനത്തിൽ പറയുന്നു.
ദേശീയതലത്തിൽ ഫാസിസ്റ്റ് വിപത്തിനെ നേരിടുന്നതിൽ കോൺഗ്രസിന്റെ പ്രസക്തിയെ സിപിഐ ഗൗരവത്തോടെ കാണുന്നുണ്ടെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യപ്രസ്താവനകളിൽനിന്ന് ലേഖനപ്പോരിലേക്കും കടന്നിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ നീക്കങ്ങൾ നിരീക്ഷിച്ച് യുഡിഎഫ്. സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
എൽഡിഎഫിൽ ചവിട്ടും തൊഴിയും വാങ്ങി എത്രകാലം നിൽക്കും എന്ന് നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. താൻ യുഡിഎഫ് കൺവീനറായി ചുമതലയേറ്റ സമയത്തുതന്നെ സിപിഐയോട് മുന്നണിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് സിപിഐ അതിന് തയാറായില്ല.
സിപിഐഎമ്മിന് വല്യേട്ടൻ മനോഭാവമാണെന്നും അടൂർ പ്രകാശ് ആരോപിച്ചു. സിപിഎമ്മിന്റെ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഐയെന്നും അദ്ദേഹം വിമർശിച്ചു. സിപിഐ നേരിടുന്ന സാഹചര്യങ്ങൾ സ്വാഭാവികമായും മുന്നണി മാറ്റത്തിലേക്ക് നയിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം തുടരുകയാണ്. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുന്നതിനുള്ള മുന്നോടിയായി ഇരു പാർട്ടികളിലെയും നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് യുഡിഎഫിന്റെ പുതിയ നീക്കം.
മുന്നണി മര്യാദകൾ പാലിക്കാതെയാണ് സിപിഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ അവകാശവാദം ഉന്നയിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരസ്യപ്രസ്താവനയിലും സിപിഐ നേതൃത്വത്തിനിടയിൽ അതൃപ്തി ശക്തമാണ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം- സിപിഐ തർക്കം മുറുകുന്നതിനിടെ സിപിഐയെ പരോക്ഷമായി ക്ഷണിച്ച് കെ.പി.എ.മജീദ്. ഇതു സംബന്ധിച്ച് മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. സിപിഐയെ സിപിഎമ്മിന്റെ സമ്മർദത്തിന് വഴങ്ങുന്ന നിലയിലേക്ക് തള്ളി.
മുന്നണിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങളാണ് മജീദിന്റെ ലേഖനത്തിലുള്ളത്. സിപിഐ എന്തിനാണ് ഇത്തരത്തിലുള്ള അവഗണന സഹിക്കുന്നതെന്നും എൽഡിഎഫിൽ ഇങ്ങനെ തുടരാനാകുമോയെന്നും ലേഖനം ചോദിക്കുന്നു. സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് എന്നിവർ ഒന്നിച്ച് ഭരിച്ചിരുന്ന കാലഘട്ടത്തെ സുവർണകാലമെന്ന് വിശേഷിപ്പിച്ചും സിപിഐയുടെ പഴയ രാഷ്ട്രീയപ്രസക്തി ചൂണ്ടിക്കാട്ടിയും മജീദ് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
മജീദിന്റെ നിലപാടിനെ പിന്തുണച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. രാഷ്ട്രീയത്തിൽ ചരിത്രത്തിൽ അസാധ്യമായി എന്താണ് ഉള്ളതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇതോടെ സിപിഐയുമായി ഭാവിയിൽ രാഷ്ട്രീയ ചർച്ചകൾക്കുള്ള സാധ്യത പൂർണമായി തള്ളുന്നില്ലെന്ന സൂചനയാണ് ലീഗ് നൽകുന്നത്.
അതേസമയം വിവാദത്തിൽ പരസ്യപ്രതികരണങ്ങളിലൂടെ കൂടുതൽ പ്രകോപനം സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന നേതൃത്വം. മുന്നണിക്കുള്ളിലെ തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങാതിരിക്കണമെന്നാണ് നേതൃത്വത്തിന്റെ ധാരണ.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഎം - സിപിഐ ബന്ധം ഉലയുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെക്കുറിച്ച് അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് സിപിഐ നേതാവ് സി. ദിവാകരൻ ചോദിച്ചു.
ഉപനേതൃസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നതിനിടെയാണ് ദിവാകരന്റെ രൂക്ഷ പ്രതികരണം. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ്. അത്തരമൊരു സമീപനം ഉണ്ടാകാൻ പാടില്ല. മുന്നണിയെ മുന്നോട്ടുകൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎമ്മാണ്.
ഉപനേതൃസ്ഥാനം സിപിഎമ്മിന് അവകാശപ്പെട്ടതല്ല. ഉപനേതാവിനെ വേണ്ടെന്നാണെങ്കിൽ പിന്നെ എന്തിനാണ് സിപിഎം ഇത്രയും ബഹളം വയ്ക്കുന്നത്. തരില്ല എന്ന് പറയാൻ പിണറായി വിജയന് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ചർച്ച നടത്തുകയാണ് വേണ്ടത്. ചർച്ചയില്ലാതെ ഇത്തരത്തിൽ നിലപാട് പ്രഖ്യാപിക്കുന്നത് ശരിയല്ല.
ഉപനേതൃസ്ഥാനം നൽകാൻ സാധ്യമല്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദിവാകരൻ വ്യക്തമാക്കി. ഇതിനിടെ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെയാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിന് മറുപടിയുമായി ബിനോയ് വിശ്വം. എഐഎസ്എഫ് നേതാവ് ടി.ടി. ജിസ്മോന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എം. വിജിൻ നടത്തിയ കമന്റിനാണ് സിപിഐ സംസ്ഥാന സെക്രട്ടറി മറുപടി നൽകിയത്.
സിപിഐ-സിപിഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവർ പലതും പറയുമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആ രാഷ്ട്രീയം സിപിഐക്ക് അറിയാമെന്നും വാക്കുകളിൽ പുലർത്തേണ്ട മിതത്വത്തെക്കുറിച്ച് പാർട്ടിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ ലക്ഷ്യബോധവും ഹൃദയബോധവുമുള്ള ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്ന സാഹചര്യമാണ്.
അതിൽ പ്രധാനപ്പെട്ടതാണ് സിപിഎം-സിപിഐ ഐക്യമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഇരു പാർട്ടികളുടെയും യുവജന സംഘടനകളും നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനന്റെ വിമർശനത്തിന് എഐവൈഎഫ് സെക്രട്ടറി ടി.ടി. ജിസ്മോൻ നേരത്തെ മറുപടി നൽകിയിരുന്നു.
ഈ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ കമന്റുമായി എത്തിയത്. നേട്ടം മാത്രമല്ല, നഷ്ടവും പങ്കിടണമെന്ന ഓർമപ്പെടുത്തലായിരുന്നു വിജിന്റെ പ്രതികരണം. ആപത്തിൽ സഹായിക്കാത്ത സുഹൃത്ത് സുഹൃത്തല്ലെന്ന പരാമർശത്തിനൊപ്പം മല്ലനും മാദേവനും കഥയും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
തുടർന്ന് ഇതേ പ്രതികരണം വിജിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് വേണമെന്ന് ഉറച്ചു നിൽക്കുകയാണ് സിപിഐ. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം-സിപിഐ തർക്കം മുറുകുന്നു. വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കാനും ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനുമാണ് സിപിഐയുടെ തീരുമാനം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയുടെ ഭാഗമായി തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയും സിപിഐയിൽ വിമർശനം ശക്തമാണ്. പിണറായി ശൈലിയുടെ പ്രത്യാഘാതം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. വലിയ പരാജയമുണ്ടായിട്ടും ശൈലിയിൽ മാറ്റമില്ല.
ഇതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായിയുടെ നിലപാടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പാർട്ടി സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച് നിർണായക തീരുമാനം നേതൃയോഗം ചേർന്ന് എടുക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരേണ്ടത്.
ഓണം, ഡൽഹി സമരം എന്നിവ കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് യോഗം പത്തിനുമുമ്പ് തന്നെ ചേരാനുള്ള സാധ്യതയും സിപിഐ നേതൃത്വം പരിശോധിക്കുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദവി സിപിഐഎമ്മിനുള്ളതാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി നിർദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദഹേം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം മൂന്ന് മാസമായി എൽഡിഎഫിൽ തുടരുകയാണ്.
സിപിഐയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. അതേസമയം പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐ ഉറച്ചുനിൽക്കുകയാണ്. എൽഡിഎഫിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച അവകാശവാദവും പാർട്ടി ഉന്നയിക്കുന്നത്.
വിഷയത്തിൽ സമവായമുണ്ടാക്കാൻ എൽഡിഎഫ് കൺവീനർ എം.എൻ. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി നിലപാടിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിഷയം മാറ്റിവെച്ചാണ് ഇടതുമുന്നണി യോഗം ചേർന്നത്. എന്നാൽ യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം ആരും ഉന്നയിച്ചില്ല.
മുന്നണി മര്യാദ പാലിച്ചാണ് വിഷയം ഉന്നയിക്കാതിരുന്നതെന്നാണ് സിപിഐയുടെ വിശദീകരണം. അതേസമയം തങ്ങളുടെ ആവശ്യം പിണറായി വിജയൻ വീണ്ടും പരസ്യമായി തള്ളിയതിൽ സിപിഐയിൽ അതൃപ്തിയുണ്ട്. എന്നാൽ ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഷ്ട്രീയം വേറെ, ബിസിനസ് വേറെ എന്ന നിലപാടാണ് സിപിഐക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിലെ ഇഡി അന്വേഷണം പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും എത്തിയ സാഹചര്യത്തിലാണ് സിപിഐയുടെ പ്രതികരണം. ഹവാല ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നതിനിടെയാണ് വിഷയത്തിൽ സിപിഐ വേറിട്ട നിലപാട് സ്വീകരിച്ചത്.
ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ. സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഇഡി പുറത്തുവിട്ട വിവരങ്ങളുടെ പശ്ചാത്തലത്തില് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം രാജി വെക്കണമെന്ന് ബിജെപി നേതാവ് ഷോണ് ജോര്ജ് ആവശ്യപ്പെട്ടു.
Kerala
തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലയനമെന്നതു പൈങ്കിളി വാക്കാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ തൃശൂർ ജില്ലാ കൗണ്സിൽ സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അച്യുതമേനോൻ നേതൃത്വംനൽകിയ സർക്കാരിനെ ഇടതു സർക്കാരെന്നു വ്യാഖ്യാനിക്കാൻ എന്തിനാണു മടി കാട്ടുന്നതെന്നും എം.എൻ. ഗോവിന്ദൻ വിഭാവനംചെയ്ത ലക്ഷംവീട് പദ്ധതികളുടെ തുടർച്ചയാണു ലൈഫ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് വീടുകൾക്കുമുന്നിൽ മോദിയുടെ പടം വയ്ക്കണമെന്നു പറയുന്നത് അല്പത്തരമാണ്.
ആർഎസ്എസിന്റെ പാതയിലൂടെ സംസ്ഥാനത്തെ കൊണ്ടുപോകാനാണു വി.ഡി. സതീശൻ സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണ്. ഏതെങ്കിലുമൊരു പാർട്ടിക്കുമാത്രമുള്ളതല്ല എൽഡിഎഫിലെ പദവികൾ. അടിയന്തരാവസ്ഥയിലെ തെറ്റുകൾ ഏറ്റുപറഞ്ഞ പാർട്ടിയാണു സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു.
District News
ഇടുക്കി: ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യമുയര്ത്തി സിപിഐ ദേശീയ തലത്തില് സംഘടിപ്പിക്കുന്ന ഡല്ഹി ചലോ റാലിക്കായി ചാര്ട്ട് ചെയ്ത ട്രെയിനുകള് റദ്ദാക്കിയ കേന്ദ്രസര്ക്കാര് നടപടിയില് പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തില് ഇന്ന് ജില്ലയിലെമ്പാടും പ്രതിഷേധ പ്രകടനവും യോഗവും നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.സലിംകുമാര് അറിയിച്ചു.
സെപ്റ്റംബര് ഒന്നിന് നടത്താനിരിക്കുന്ന ഡല്ഹി മാര്ച്ചിനായി കേരളം ഉള്പ്പെടെ വിവിധ സംസ്ഥാനങ്ങളില്നിന്ന് പ്രവര്ത്തകര്ക്കായി പ്രത്യേകമായി ചാര്ട്ട് ചെയ്ത ട്രെയിനുകളാണ് കേന്ദ്ര സര്ക്കാര് റദ്ദാക്കിയത്. ഫാസിസ്റ്റുകള്ക്ക് എക്കാലത്തും ജനകീയ പ്രതിഷേധങ്ങളെ ഭയമാണ്. സമരം ചെയ്യാനുള്ള ട്രെയിനുകള് റദ്ദാക്കിയത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിനെതിരായ ഡൽഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യല് ട്രെയിൻ റദ്ദാക്കി. ഇന്ത്യൻ റെയിൽവേയുടേതാണ് നടപടി. ഇതോടെ സിപിഐ നല്കിയ അഡ്വാന്സ് തുക 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി.
സര്ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്ച്ചില് പങ്കെടുക്കാനാണ് സിപിഐ 10 ലക്ഷം രൂപ നൽകി ട്രെയിന് ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന് മൊത്തമായി വാടകയ്ക്കെടുത്ത് ഡല്ഹിക്ക് പോകാനായിരുന്നു സിപിഐ തീരുമാനം.
സെപ്റ്റംബർ ഒന്നിന് ആയിരുന്നു സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി. കേരളത്തിൽ നിന്ന് 1500 പേർ സമരത്തിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും അതിരൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കോൺഗ്രസ് ബിജെപി തെളിക്കുന്ന വഴിയെ സഞ്ചരിക്കുകയാണെന്നും ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് പി.എം ശ്രീ പദ്ധതിയെ അറബിക്കടലിൽ കെട്ടിത്താഴ്ത്തും എന്ന് പറഞ്ഞ ലീഗിനെക്കൊണ്ട് തന്നെ പദ്ധതിക്ക് വാഴ്ത്തുപാട്ട് പാടിക്കുകയാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. പി.എം ശ്രീയുമായി ബന്ധപ്പെട്ട എം.ഒ.യുവിന് നിയമസാധുതയില്ല. കരാർ സാധുവാകണമെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 299 പ്രകാരം രാഷ്ട്രപതി അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതി അംഗീകരിക്കാത്തതിനാൽ അതിന് ഒപ്പിട്ട മഷിയുടെ വില പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് മുൻപ് സിപിഐ ഇതിനെ ശക്തമായി എതിർത്തതും എൽഡിഎഫ് അത് പിൻവലിച്ചതും. കോൺഗ്രസിന്റെ ഉള്ളിൽ മഹാത്മാ ഗാന്ധിയോ നെഹ്റുവോ അല്ല, മറിച്ച് ഹെഡ്ഗേവാറും ഗോൾവാൾക്കറും ഗോഡ്സെയുമാണെന്നും അതിനാൽ അവർ ബിജെപിയുടെ പിന്നാലെ പോകുന്നുവെന്നും ബിനോയ് വിശ്വം ആരോപിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് എൽഡിഎഫ് കൺവീനറും സിപിഐ സംസ്ഥാന സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായില്ല. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇന്ന് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ എൽഡിഎഫ് കൺവീനർ ഈ വിഷയത്തിൽ എൽഡിഎഫിൽ ഭിന്നത ഇല്ലെന്ന് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരേ നയം ആണെന്നും ബിനോയ് വിശ്വവും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എൽഡിഎഫ് കരുത്തോടെ മുന്നോട്ടുപോകുമെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ചർച്ചയിലെ കൂടുതൽ വിവരങ്ങൾ പുറത്തുപറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തിൽ ഉടൻ പരിഹാരമാകുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
നിയമസഭയിലെ പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തേക്ക് സിപിഐയിലെ കെ.രാജനെ പരിഗണിക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം സിപിഎം അവഗണിക്കുകയും കെ.എൻ. ബാലഗോപാലിനെ പരിഗണിക്കുകയുമായിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങൾക്ക് കിട്ടിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് സിപിഐ നേതൃത്വം സിപിഎമ്മിന് അന്ത്യശാസനം നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇന്ന് സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയത്.
Kerala
തിരുവനന്തപുരം: സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച നാളെ നടക്കാനിരിക്കേ പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ സ്ഥാനവും ഒരു പാർട്ടിതന്നെ കൈവശം വയ്ക്കുന്നത് മുന്നണി സന്പ്രദായത്തിന് യോജിച്ചതല്ലെന്ന വിമർശനവും സിപിഎമ്മിനെതിരേ അദ്ദേഹം പരസ്യമായി ഉന്നയിച്ചു.
കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അതു പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ ആ പങ്കുവയ്ക്കൽ അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് സിപിഐക്ക് തർക്കവും സംശയവുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
അവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. കീഴ്വഴക്കമല്ല ഒന്നിച്ചുപോക്കാണ് വലുത്.
അതിനാലാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന് സിപിഐ പറയുന്നത്. എൽഡിഎഫിനെ ദുർബലമാക്കുകയല്ല, മറിച്ചു ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുമുന്നണി എൽഡിഎഫായി തുടരണമെങ്കിൽ അത്തരത്തിലുള്ള പങ്കുവയ്പ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പതിവിനു വിപരീതമായി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലാകും നാളെ ചർച്ച നടക്കുക. സാധാരണയായി ഘടകകക്ഷി നേതാക്കളെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തുകയാണ് പതിവ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കീഴ്വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാം പങ്കുവയ്ക്കപ്പെടണം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അര്ഹതയുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ. ഈ വിഷയം ഒരിക്കലും അടഞ്ഞ അധ്യായമല്ലെന്നും മുന്നണിക്കുള്ളിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ചർച്ച നടത്തി.
കേരളത്തിലെ നേതാക്കൾ അന്തിമ തീരുമാനത്തിൽ എത്തട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും ഡി.രാജ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഎമ്മിനോട് യാതൊരുവിധ വിട്ടുവീഴ്ചയും വേണ്ടെന്ന ഉറച്ച നിലപാടിലാണ് സിപിഐ.
പദവി സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ സിപിഐ നേരത്തെ പരസ്യമായി രംഗത്തുവന്നിരുന്നു. പദവി സിപിഐ ചോദിച്ചുകൊണ്ടേയിരിക്കും എന്ന പിണറായി വിജയന്റെ പരിഹാസ നിലപാടാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില് മാറ്റമില്ലെന്ന് മുന് മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ. സംസ്ഥാന സെക്രട്ടറി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതാണെന്നും രാജന് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തില് നേരത്തെ കൃത്യമായി അഭിപ്രായം പറഞ്ഞിരുന്നു. ആ കാര്യത്തില് ഉറച്ച് നില്ക്കുന്നു. ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന് ഉദ്ദേശിക്കുന്നുമില്ല – കെ രാജന് വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയില് ഭിന്നസ്വരമുയര്ന്നുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില് വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില് ചില നേതാക്കള് ചൂണ്ടിക്കാട്ടി.
മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില് എല്ലാവരും ഒന്നിച്ച് നില്ക്കണമെന്നും ആവശ്യം ഉയര്ന്നു. പാര്ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയര്ത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില് എല്ലാവരും ഒന്നിച്ച് നില്ക്കണം.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില് ആരുമായും തര്ക്കിക്കാം, എന്നാല് പാര്ട്ടി കാര്യത്തില് അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില് ചിലര് പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: കരിമണല് സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രക്ഷോഭത്തില് വി.എം. സുധീരന് അടക്കം യോജിക്കാവുന്ന എല്ലാവരുമായും കമ്യൂണിസ്റ്റ് പാര്ട്ടി കൈകോര്ത്ത് നീങ്ങും. പരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനനലോബിക്ക് വന്ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള നീക്കത്തില് അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുവിഭവങ്ങള് സ്വകാര്യ മേഖലയ്ക്ക് കൊള്ളയടിക്കാന് അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റുമെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ജൂലൈ മൂന്നാം വാരത്തില് ആലപ്പുഴയില് കരിമണല് ഖനനത്തിനെതിരെ സിപിഐ ബഹുജന കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം വിട്ടിട്ടില്ലെന്നും വിഷയത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒരു പദവിയല്ല. എന്നാൽ മുന്നണിയിൽ പാലിക്കപ്പെടേണ്ട സമീപനം ഉണ്ടാകണം.
ഇക്കാര്യത്തിൽ യഥാസമയം തന്നെ തീരുമാനമുണ്ടാകും. ഇടതുമുന്നണി നിയമസഭാ കക്ഷി യോഗം ഉടൻ ചേരാൻ കഴിയുമെന്നാണു വിചാരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ഉണ്ടായത്. പരാജയത്തിന്റെ കാരണങ്ങൾ സംസ്ഥാന കൗണ്സിൽ വിശദമായി തന്നെ പരിശോധിച്ചു.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു മുദ്രാവക്യങ്ങളിലടക്കം വലിയ പാളിച്ചയുണ്ടായി. ആഗോള അയ്യപ്പ സംഗമവും യുപി മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കലുമൊക്കെ ഇടതുപക്ഷത്തിനു ചേർന്നതല്ലായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ബിനോയി വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല് കുമാര് ബിജെപിയിൽ ചേർന്നു. മാരാര്ജി ഭവനില് നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് എംഎല്എയില് നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുല് കുമാര്.
രാഹുലിനെ കൂടാതെ സിപിഐയില് നിന്നും അഞ്ച് പേര് കൂടി ബിജെപിയില് ചേര്ന്നു. രാഹുലിന്റെ നേതൃത്വത്തിലാണ് പാര്ട്ടി പ്രവേശനം. വഴുതക്കാട് വാര്ഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവര്ത്തകരും ബിജെപിയില് ചേരുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.
Kerala
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർട്ടിയുടെ അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും, വിട്ടുവീഴ്ച ചെയ്ത് മുന്നണി ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ.
പ്രതിപക്ഷ നിരയിൽ എൽഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് ഉപനേതൃപദവി വേണമെന്ന കടുംപിടിത്തത്തിൽ തന്നെയാണ് സിപിഐ. പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഈ പദവി സിപിഐക്ക് നൽകാനാവില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള മുൻകാല കീഴ്വഴക്കങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. തർക്കം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, മുന്നണിയിൽ ഔദ്യോഗിക ധാരണയാകും മുമ്പ് ഉപനേതൃപദവി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മുന്നണി ഐക്യത്തിന് മുൻഗണന നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. പദവി നിഷേധിക്കപ്പെടുകയാണെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുന്നണിയിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വയ്ക്കുന്നത് സിപിഎമ്മാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് സിപിഐയുടെ പ്രതികരണം.
ഇടതുമുന്നണിയിൽ സിപിഐയ്ക്ക് വേണ്ടത് മാന്യമായ പദവിയാണ്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതിൽ വ്യക്തതയില്ലാതെ പാര്ലമെന്ററി പാര്ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.
കെ.എൻ. ബാലഗോപാലാണ് നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമൻ. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാൽ ആയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇടതുമുന്നണിയിൽ ആവശ്യപ്പെടേണ്ട കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.
Kerala
തിരുവനന്തപുരം: സിഎംആർഎൽ കന്പനിയും എക്സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്സൾട്ടൻസി ബന്ധത്തിന്റെ പേരിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയ പിണറായി വിജയന്റെ വസതികളിൽ മോദി സർക്കാരിന്റെ ഇഡി നടത്തുന്ന റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടു വൈകുന്നു എന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകൾക്ക് മുന്പാണ് കേരളം കേട്ടത്.
ഇഡി നടത്തുന്ന ഈ റെയ്ഡുകൾ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇഡിയെ ബിജെപി മാറ്റുന്നുവെന്ന നിലപാടിൽനിന്ന് അലിഖേന്ത്യാ കോണ്ഗ്രസ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നു സിപിഐ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്ത്തനം അവസാനിപ്പിച്ച് മുതിര്ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില് നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.
"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില് നിന്നും നീക്കം ചെയ്തതായി പാര്ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്ഷം നീണ്ട രാഷ്ട്രീയ പ്രവര്ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാര്ട്ടി അംഗത്വത്തില് തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്ട്ടി ഘടകത്തില് അംഗമായി തുടരുന്നതില് ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്ത്തകള് അവാസ്തവമാണെന്നും ശിവരാമന് പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്ഥി തന്നെയാണെന്നും ശിവരാമന് ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്റെ പേരില് സിപിഐ മുന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്ട്ടി സ്ഥാനങ്ങളില് നിന്നും നീക്കിയത്. ജില്ലാ എക്സിക്യൂട്ടീവില് നിന്നും കൗണ്സിലില് നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്ട്ടിയുടെ തോല്വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്ശനത്തെ തുടര്ന്നായിരുന്നു നടപടി.
പീരുമേട്ടിലെ സ്ഥാനാര്ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള് ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന് പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്ഥി. ശിവരാമന്റെ പ്രസ്താവന പാര്ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്സില് വിലയിരുത്തിയിരുന്നു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ വിമർശനം. സി.കെ.ചന്ദ്രപ്പനുശേഷം സിപിഐയ്ക്ക് കൊള്ളാവുന്ന സെക്രട്ടറിയില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ചിഞ്ചു റാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മന്ത്രിയായത് വിഭാഗീയതയുടെ ഫലമാണ്. സിപിഐ സിപിഎമ്മിന്റെ ബി ടീമാണ്. പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു.
പിണറായിക്ക് ലാളിത്യമില്ല. തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നുമാണ് വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റാണെന്നും അംഗങ്ങൾ പറഞ്ഞു.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.
മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.
സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.
പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്ന് മുൻ മന്ത്രി കെ. രാജൻ. പരാജയത്തിൽ ഒരു ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും രാജൻ പറഞ്ഞു.
"കുറച്ച് കഠിനമേറിയ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു ഇത്തവണത്തേത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഇടതുപക്ഷം പുറകോട്ട് പോയി. പക്ഷെ അങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്ന് കരുതി മുഴുവൻ ചരിത്രവും അങ്ങനെയാണെന്ന് കരുതിയിരിക്കലല്ല കമ്മ്യൂണിസ്റ്റുകാരുടെ ചുമതല.ഇത്തരത്തിൽ ധാരാളമായ അനുഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.'-രാജൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകം മുതൽ സുധാര്യമായി മുൻവിധികളില്ലാതെ പരിശോധിച്ച് തിരുത്തും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും രാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവാകുന്നത് പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായ സിപിഎം ആണ് തീരുമാനിക്കേണ്ടതെന്നും അതിൽ തർക്കമില്ലെന്നും രാജൻ പറഞ്ഞു.
വിശാലമായ പങ്കാളിത്തമുണ്ടാകണമെന്നാണ് തീരുമാനം. അതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്. ഇനി പാർലിമെന്ററി പാർട്ടി യോഗം ചേർന്ന് ബന്ധപ്പെട്ട മറ്റു ചുമതലകൾ തീരുമാനിക്കും. അതിൽ ഉപനേതൃ സ്ഥാനം സിപിഐക്കാണ് എങ്കിൽ അപ്പോൾ അഭിപ്രായെ പറയുമെന്നും നിലവിൽ താൻ സിപിഐയുടെ നിയമസഭാ കക്ഷി നേതാവാണെന്നും രാജൻ പറഞ്ഞു.
Kerala
കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കടുംപിടുത്തം തുടർന്ന് സിപിഐ. പാർട്ടിക്ക് പൂർണമായും അർഹതപ്പെട്ട പദവിയായതുകൊണ്ടാണ് ഇത് ആവശ്യപ്പെടുന്നത്. ഇതിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മുന്നണിക്കുള്ളിൽ പദവിയെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. ഉപനേതാവായി ആരെ തെരഞ്ഞെടുക്കണമെന്നതിൽ പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. എൽഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെക്കുന്നത്.
എന്നാൽ ഇക്കുറി അതിന് മാറ്റം വേണം. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് എൽഡിഎഫിലെ മറ്റ് കക്ഷികൾ തന്നെ പറയുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ മുഖ്യ കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പരീക്ഷാപേപ്പർ ചോർച്ചയിൽ കരിപുരണ്ടു നിൽക്കുന്പോഴും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനാണ് ആ ’സ്വയം സേവക് മന്ത്രി’ തിടുക്കം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാഫിയ വാഴ്ചയ്ക്ക് ബിജെപി ഭരണം കളമൊരുക്കിയിട്ട് നാളുകൾ ഏറെയായി. 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് മാഫിയ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിൽനിന്നുള്ള 1.25 ലക്ഷം വിദ്യാർഥികൾ ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നു.
റെയിൽവേ, ഐഎസ്ആർഒ, അക്കൗണ്ടന്റ് ജനറൽ, സിഎസ്ഐആർ തുടങ്ങിയ ഇടങ്ങളിൽനിന്നും ഇത്തരം അഴിമതിക്കഥകൾ രാജ്യം കേട്ടതാണ്. അതിന്റെയെല്ലാം മുന്പിൽ കണ്ണടച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ സാരോപദേശ പരന്പരകൾ നടത്തുന്നതെന്നു ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്ന്നതല്ലെന്ന് സിപിഐ നേതാവ് ആനി രാജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ എന്തുകൊണ്ടാണ് കോണ്ഗ്രസ് പരിഗണിക്കാത്തതെന്നും ആനി രാജ ചോദിച്ചു.
രാഷ്ട്രീയത്തില് പരിചയ സമ്പത്തുള്ള ഒട്ടേറെ സ്ത്രീകള് വിജയിച്ച് വന്നിട്ടുണ്ട്. ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണിത്. പുരുഷന്മാരെ മാത്രം ചുറ്റിപ്പറ്റി ചര്ച്ച നടക്കുമ്പോഴാണ് എങ്ങും എത്താത്തതെന്നും അവർ പറഞ്ഞു.
പുരുഷന്മാർക്കെല്ലാം മുഖ്യമന്ത്രിയാകണം. രാഹുല് ഗാന്ധി പറഞ്ഞതാണ് വനിതാ മുഖ്യമന്ത്രി വേണമെന്ന്. ഇടതുപക്ഷവും ഉയര്ന്ന പദവികളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും ആനി രാജ വ്യക്തമാക്കി.
കോണ്ഗ്രസ് സര്ക്കാര് രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളുടെ അവകാശങ്ങള് നിഷേധിക്കുന്നതിന് തുല്യമാണ്. എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്ക്കാര് രൂപീകരിക്കുക എന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആശസമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് തെറ്റായിപ്പോയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി.
ആശ സമരക്കാലത്ത് നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും ബിനോയ് വിശ്വം സഹായിച്ചില്ലെന്ന് മിനി പറഞ്ഞു. സമരം ഒത്തുതീർപ്പാക്കാനോ താത്കാലികമായി പരിഹരിക്കാനോ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ കണ്ടിരുന്നതായി മിനി വ്യക്തമാക്കി.
എന്നാൽ താൻ നിസഹായാവസ്ഥയിൽ ആണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയെ കാണാനുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ചെയ്തുതന്നില്ലെന്നും മിനി കൂട്ടിച്ചേർത്തു.
തൊഴിലാളികളെ അധിക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി മിനി രംഗത്തെത്തിയത്.
National
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് തന്നെ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിൽ നടന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവി നൽകുന്നതുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന സാങ്കേതിക വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയുടെ അവകാശമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പദവി സംബന്ധിച്ച് സിപിഎം മുന്നോട്ടുവെക്കുന്ന സാങ്കേതിക തടസങ്ങളിൽ മാറ്റം വരുത്തണം. മുന്നണി മര്യാദകൾ പാലിക്കപ്പെടണമെന്ന സൂചനയും അദ്ദേഹം നൽകി. താൻ സ്ഥാനമൊഴിയണമെന്ന് ഫേസ്ബുക്കിലൂടെ ചിലർ പ്രചരിപ്പിക്കുന്നതിൽ കാര്യമില്ലെന്നും, ഇത്തരം സൈബർ നീക്കങ്ങൾ പാർട്ടി തീരുമാനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സിപിഎമ്മിന് തീരുമാനിക്കാമെന്നും, എന്നാൽ ഉപനേതാവ് സ്ഥാനത്തിന്റെ കാര്യത്തിൽ സിപിഐ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ചില സാങ്കേതിക കാരണങ്ങളാണ് സിപിഎം പറയുന്നത്. എന്നാൽ ആ രീതികളിൽ മാറ്റം വരണം. ഫേസ്ബുക്കിൽ ചിലർ എന്തെങ്കിലും എഴുതിയതുകൊണ്ട് സ്ഥാനത്തുനിന്ന് മാറുന്ന പ്രശ്നമില്ല." - ബിനോയി വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ . സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.
ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ. രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ. വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്.
2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിംഗ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറി. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു. സിപിഐ ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകി. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി.
ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാർ കൂടി പിന്തുണച്ചാൽ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും.
അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിച്ചത്.
വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമായിരുന്നു. കോണ്ഗ്രസിന് പിന്നാലെ സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
വിസികെ കൂടി അനുകീല തീരുമാനം എടുത്താൽ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിയും. നാല് പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻഡിഎ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
Kerala
തിരുവനന്തപുരം: സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സാങ്കേതികമായ തടസങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസങ്ങൾ നീക്കി നടപടി ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ട്. സമീപനത്തിന്റെ പ്രശ്നമാണോ എന്ന ചോദ്യത്തോട്, രണ്ടും രണ്ട് പാർട്ടികൾ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ സിപിഎം തീരുമാനിക്കും. ഇടത് നയവ്യതിയാനങ്ങൾ വന്നപ്പോൾ തിരുത്തേണ്ട ഘട്ടങ്ങളിൽ സിപിഐ തിരുത്തിയിട്ടുണ്ട്.
എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ മുതലായവ ഉദാഹരണമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സഖാക്കൾക്ക് തുറന്നടിക്കാം എന്ന എംഎ ബേബിയുടെ പ്രസ്താവനയിൽ സിപിഐയിൽ എപ്പോഴും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി. സന്തോഷ് കുമാര് എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ഇടപെടാന് സിപിഐയ്ക്ക് താത്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തില് ചില മാധ്യമങ്ങള് പ്രചരിപ്പിക്കുന്ന വാര്ത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നു. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനമുണ്ടായി.
Kerala
തിരുവനന്തപുരം: യുഡിഎഫിന്റെ വലിയ വിജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ മുഖപത്രമായ ജനയുഗം. ഭരണത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ജനങ്ങളിൽനിന്ന് അകന്നെന്ന് ആത്മപരിശോധന വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വീഴ്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണം. സിപിഎമ്മിലെ പ്രമുഖർ പാർട്ടിയെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ചിട്ടും വിജയിച്ചത് ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്തുതയാണ്.
സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കം തട്ടുകയും വോട്ടുചോർച്ച സംഭവിക്കുകയും ചെയ്തു. ഇതിനൊക്കെ പരിഹാരമാർഗങ്ങൾ കണ്ടെത്തി തിരുത്തേണ്ടത് ഇടതുപക്ഷം പ്രസക്തമായ ഒരു രാഷ്ട്രീയ ശക്തിയായി തുടരാൻ അനിവാര്യമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ താമര വിടർന്നത് മൂന്നിടത്ത്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ചാണ് ബിജെപിയുടെ മുന്നേറ്റം. മൂന്നിടങ്ങളിൽ വിജയം കണ്ടെത്തിയതിന് പുറമേ ആറിടങ്ങളിൽ രണ്ടാമതെത്താനും ബിജെപിക്ക് സാധിച്ചു.
നേമത്ത് വീണ്ടും വിജയിച്ചതിന് പിന്നാലെ കഴക്കൂട്ടത്തും ചാത്തന്നൂരും താമരയുടെ ശോഭ പടർന്നു. സംസ്ഥാനത്ത് വീണ്ടും ഒരു സീറ്റ് പിടിക്കുമെന്ന പ്രതീക്ഷയിൽ നിന്നാണ് താമര മൂന്നിടത്ത് വിടർന്നത്. നേമത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശിവൻകുട്ടിയെ പരാജയപ്പെടുത്തി അക്കൗണ്ട് തുറന്നു.
കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ വിജയിച്ചപ്പോൾ, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറിന്റെ അപ്രതീക്ഷിത വിജയം ബിജെപിക്ക് മുതൽക്കൂട്ടായി. അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിജയം.
ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം, തിരുവല്ല മണ്ഡലങ്ങളിൽ രണ്ടാമത് എത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് അട്ടിമറി വിജയം നേടിയ തെരഞ്ഞെടുപ്പിൽ നിയമസഭാ പ്രാതിനിധ്യത്തിൽ ഇടതുമുന്നണിയിലെ പാർട്ടികളുടെ എണ്ണം മൂന്നായി ചുരുങ്ങി.
സിപിഎമ്മും സിപിഐയും ഒഴിച്ചു നിർത്തിയാൽ ആർജെഡിക്കു മാത്രമാണ് ഇടതുമുന്നണിയിൽ നിന്നു വിജയിക്കാനായത്.
അതേസമയം യുഡിഎഫിൽ വിജയിച്ച പാർട്ടികളുടെ എണ്ണം വർധിച്ചു.
Kerala
തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്ന് സിപിഐ. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും സിപിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.
വോട്ടിംഗിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്.
ആ ഗവണ്മെന്റുകളെ നയിച്ച എൽഡിഎഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.
ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഐ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവന്കുട്ടിക്കെതിരെ പ്രവർത്തിച്ച ജില്ലാ കമ്മിറ്റി അംഗത്തെ സിപിഐ പുറത്താക്കി. വി.എസ്.സുലോചനനെതിരെയാണ് പാര്ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ മുൻ കൗൺസിലറാണ് സുലോചനൻ. ശിവന്കുട്ടിയെ അപകീര്ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്ശങ്ങള് സുലോചനന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയും അത് വിവാദമാകുകയും ചെയ്തിരുന്നു.
ഈ പരാമര്ശങ്ങള് അടങ്ങിയ ഓഡിയോ നേമം മണ്ഡലത്തിലാകെ പ്രചരിക്കുകയും ചെയ്തിരുന്നു. ശബ്ദം സുലോചനന്റെ തന്നെയെന്ന് ഉറപ്പാക്കിയ ശേഷമാണ് പാര്ട്ടി നടപടി. തുടർന്ന് ജില്ലാ എക്സിക്യൂട്ടീവ് ചേരുകയും സുലോചനനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യാന് തീരുമാനിക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിതിന്റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനല്കി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.
Kerala
തിരുവനന്തപുരം: മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില് വലിയ വ്യത്യാസമില്ലെന്ന് തിരിച്ചറിഞ്ഞ ആളാണ് താനെന്ന് മന്ത്രി ജി.ആര്. അനില്. തിരുവനന്തപുരത്ത് നടന്ന മെഗാ മെഡിക്കല് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ഡിഎഫ് സര്ക്കാര് അധികാരത്തില് വന്നാല് താന് വീണ്ടും മന്ത്രിയാകാൻ സാധ്യതയില്ലെന്നും ജി.ആര്. അനില് പറഞ്ഞു. പാര്ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്ത്തകര്ക്കായി നിംസ് ഏര്പ്പെടുത്തിയ പ്രിവിലേജ് കാര്ഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്വഹിച്ചു.
അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്.
Kerala
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്ക്കുകയാണെന്നും ഡി. രാജ പറഞ്ഞു.
ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഭരണഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി കാണുന്നുണ്ടോയെന്ന് ചോദിക്കണമെന്നും ഡി. രാജ പറഞ്ഞു.
മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റി. കേരളത്തിൽ സ്ത്രീകൾക്ക് എതിരെ അതിക്രമമില്ല. 10 വർഷമായി പിണറായി ഭരിക്കുന്നു. ഈ സമയത്ത് ഏത് കാര്യത്തിലാണ് കേരളം പിന്നിലായതെന്ന് സിപിഐ ജനറൽ സെക്രട്ടറി ചോദിച്ചു.
ഇന്ത്യയെ കടക്കെണിയിൽ ആക്കിയത് മോദിയാണ്. രൂപയുടെ മൂല്യം ഇല്ലാതാക്കിയത് മോദിയാണ്. എന്നിട്ട് കേരളത്തിൽ വന്നിട്ട് കേരളം കടക്കെണിയിൽ ആണെന്ന് പറയുകയാണെന്നും ഡി. രാജ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: എസ്ഡിപിഐയുടെയും ആർഎസ്എസിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാം മതഭ്രാന്തിന്റെ പേരുകളാണ്. അവരൊന്നും പലതല്ല ഒന്നാണ്.
മതങ്ങളെയും വിശ്വാസികളെയും മാനിക്കും പക്ഷേ മതഭ്രാന്തനോട് സന്ധിയില്ല. ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ മറച്ചുവെക്കാനാണ് ഡീൽ ആരോപണമെന്നും ഉത്സവപ്പറമ്പിലെ കള്ളനാണ് കോൺഗ്രസെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മാല പൊട്ടിച്ചോടിയിട്ട് കള്ളൻ കള്ളനെന്ന് കള്ളൻ തന്നെ വിളിച്ചു പറയും. ആ കള്ളന്റെ പേരാണ് കോൺഗ്രസ്. ഡീൽ ആരോപണം നട്ടാൽ കുരുക്കാത്ത കള്ളമാണ്. അത് കേരളം വിശ്വസിക്കില്ല. 91ൽ വടകരയിലും ബേപ്പൂരിലും ഡീൽ ഉണ്ടാക്കിയത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ സിപിഐക്ക് അഞ്ചു സീറ്റ് നല്കി ഡിഎംകെ. നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണു തീരുമാനം.
2021ൽ സിപിഐ ആറു സീറ്റിൽ മത്സരിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിലാണു വിജയിച്ചത്.
കൂടുതൽ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് സീറ്റിന്റെ എണ്ണം കുറയ്ക്കണമെന്ന് സിപിഐ നേതൃത്വത്തോട് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വോട്ടർമാരെ അവർ നിയമാനുസൃതമായി ഉൾപ്പെടുന്ന മണ്ഡലങ്ങളല്ലാത്ത മണ്ഡലങ്ങളിൽ തെറ്റായി ഉൾപ്പെടുത്തുന്നതിനു സൗകര്യമൊരുക്കി വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാനാണ് ബിജെപിയുടെ ശ്രമം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനു സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികൾക്കു കർശന നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനു കത്തയച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്ട്രീയ കക്ഷികളിലെ എംപിമാർ.
കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.
തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്റെ ആവശ്യങ്ങൾ.
ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ് നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.